National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മധ്യപ്രദേശ് ഹൈക്കോടതി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ നേരത്തെ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി നേരിട്ട് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മരണകാരണം, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, ഉത്തരവാദിത്തം എന്നിവ ഈ കമ്മീഷൻ പരിശോധിക്കും.
ജലവിതരണ പൈപ്പ് ലൈൻ ടെൻഡറുകൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ജില്ലാ ഭരണകൂടം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ ആശങ്ക പരിഗണിച്ചാണിത്.
മരണസംഖ്യയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഏഴ് മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളേജ് നടത്തിയ ഓഡിറ്റ് പ്രകാരം 15 മരണങ്ങളും, പ്രദേശവാസികളുടെ കണക്കനുസരിച്ച് 25-ഓളം മരണങ്ങളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭഗീരഥ്പുര മേഖലയിലെ ഒരു പൊതുശൗചാലയത്തിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അതിമാരകമായ 'ഇ കോളൈ' ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഇത്രയും മാരകമായ രീതിയിൽ മലിനീകരണം ഉണ്ടായത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കുടിവെള്ള പൈപ്പും മലിനജല പൈപ്പും ഒരേപോലെ പോകുന്നത് നഗരങ്ങളിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ വീഴ്ചയാണെന്നും കോടതി വിമർശിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഇൻഡോർ മുൻസിപ്പൽ കമ്മീഷണറെ സർക്കാർ നേരത്തെ മാറ്റിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയോട് ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ 'സ്വച്ഛ് ജൽ അഭിയാൻ' എന്ന പേരിൽ പുതിയ ക്യാമ്പയിനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
ഇൻഡോർ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച ഒമ്പത് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡോർ ജില്ലയിലെ മൊഹൗവിലാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല. പാറ്റി ബസാർ, ചന്ദർ മാർഗ് എന്നീ പ്രദേശങ്ങളിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡോർ കളക്ടർ ശിവം വർമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുകയും ദുരിതബാധിത മേഖലയിലെ ജനങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. രോഗികൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് കളക്ടർ നിർദേശം നൽകി. പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ശുചിത്വം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഇൻഡോറിലെ ഭാഗിരഥ്പുര മേഖലയിൽ മലിന ജലം കുടിച്ച നിരവധി പേർക്ക് അസുഖം ബാധിക്കുകയും മരണം രേഖപ്പെടുത്തുകയും ചെയ്തിരുന്നു
National
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിചാരണയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദേശം.
അദ്ദേഹത്തിനെതിരേ കുറ്റവിചാരണയ്ക്ക് അനുമതി നൽകണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അപേക്ഷയിൽ മധ്യപ്രദേശ് സർക്കാർ കാലതാമസം വരുത്തിയതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കണ്ടെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 മുതൽ എസ്ഐടിയുടെ റിപ്പോർട്ടിൽ മധ്യപ്രദേശ് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
National
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.
തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.
സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി.
പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്നു ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുന്പേ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമുള്ള ആരോപണമുയരുന്നുണ്ട്.
ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്നാണ് ആരോപണം.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.
പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.
88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.
മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യംകലർന്ന കുടിവെള്ളം മൂന്നുപേരുടെ ജീവനെടുത്തു. ഏതാനുംദിവസങ്ങൾക്കുള്ളിൽ നൂറിലേറെ ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ക്രിസ്മസ്ദിനത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിനു അസാധാരണഗന്ധം ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു. വെള്ളം കുടിച്ച പലരം രോഗംബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തു.
അതിസാരം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെ 2.703 വീടുകളിൽ പരിശോധന നടത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,000 ആളുകളെയും പരിശോധിച്ചു. ഇതിൽ 1,146 പേർ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. 111 രോഗികളാണ് ആശുപത്രിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായി.
തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
അതേസമയം, വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്റെ തുടക്കവും തകർച്ചയോടെയാണ്. 59 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാലിന് 80 റൺസെന്ന നിലയിലാണ് കേരളം.
21 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. രോഹൻ എസ്. കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് (നാല്), അങ്കിത് ശർമ (14), ബാബാ അപരാജിത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
മധ്യപ്രദേശിനു വേണ്ടി സാരാൻഷ് ജെയിൻ രണ്ടും ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് വക്താവ് മുകേഷ് നായക് പാർട്ടിയിൽനിന്ന് രാജിവച്ചു.
പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട് പുരോഗമിക്കുന്നതിനിടെ പരിപാടിക്കു നേതൃത്വം നൽകിയ നേതാവ് രാജിവച്ചത് സംഘടനയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.
രാജി സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി തയ്യാറായിട്ടില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് അധ്യക്ഷന്റേതെന്നു പറയപ്പെടുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയിൽ 42.74 ലക്ഷം വോട്ടർമാർ പുറത്ത്. ആകെ 5,74,06,143 വോട്ടർമാരിൽ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
42,74,160 വോട്ടർമാരാണ് ഫോം പൂരിപ്പിച്ച് നൽകാത്തത്. ഇതിൽ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരാണ്. 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
National
ഭോപ്പാൽ: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ പോലീസിന് മുന്നിൽവച്ച് മർദിച്ച് ബിജെപി നേതാവ്. ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാർഗവയാണ് അതിക്രമം നടത്തിയത്.
മധ്യപ്രദേശിലെ ജബൽപൂരിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽവച്ചാണ് സംഭവം. യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ ജന്മത്തിൽ അവർ അന്ധയാണ്, അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്നും അഞ്ജു ഭാർഗവ അധിക്ഷേപിച്ചു.
ഡിസംബർ 20 ന് ജബൽപൂരിലെ ഗോരഖ്പുർ പ്രദേശത്തെ ഒരു പള്ളിയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിരവധി ഹിന്ദു സംഘടനാ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികളെ മതപരിവർത്തനത്തിനായി പള്ളിയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലിന് കാരണമായി.
Viral
മധ്യപ്രദേശിലെ സർക്കാർ ആശുപത്രികൾ നവജാതശിശുക്കൾക്കും രോഗികൾക്കും ഒട്ടും സുരക്ഷിതമല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എലികൾ സ്വൈര്യവിഹാരം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാസങ്ങൾക്ക് മുമ്പ് ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ എലിയുടെ കടിയേറ്റ് ദാരുണമായി മരിച്ച സംഭവം നിലനിൽക്കെയാണ് സമാനമായ സുരക്ഷാ വീഴ്ചകൾ ജബൽപൂരിലും സത്നയിലും ആവർത്തിക്കുന്നത്.
രോഗികൾ കിടക്കുന്ന കട്ടിലുകളിൽ വരെ എലികൾ കയറിയിറങ്ങുന്ന കാഴ്ച ആരോഗ്യരംഗത്തെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. അതീവ ശുചിത്വം പാലിക്കേണ്ട നവജാതശിശു വാർഡുകളിൽ പോലും എലികൾ താവളമാക്കുന്നത് ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു.
സംസ്ഥാനം 'എലികളുടെ തലസ്ഥാനം' ആയി മാറുന്നു എന്ന പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ മക്കൾ ചികിത്സ തേടുന്ന വാർഡുകളിൽ ഇത്തരം ക്രൂരതകൾ അനുവദിക്കുന്ന അധികാരികൾ സ്വന്തം കുടുംബാംഗങ്ങളെ ഈ സാഹചര്യത്തിൽ ചികിത്സിക്കാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം നടപടികൾ ജനാധിപത്യത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. ഈ സംഭവങ്ങളിൽ ഹൈക്കോടതി ഇടപെടുകയും സർക്കാരിനോടും ആരോഗ്യവകുപ്പിനോടും അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തിരിക്കുകയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കഞ്ചാവ് കടത്ത് കേസിൽ മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രി ആണ് അറസ്റ്റിലായത്. ഇയാളുടെ അനുയായി പങ്കജ് സിംഗും പിടിയിലായി.
അനിൽ ബാഗ്രി, പങ്കജ് സിംഗ് എന്നിവരിൽ നിന്ന് 46 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. സത്നയിലെ മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പിടിച്ചെടുത്ത കഞ്ചാവിന് 9.22 ലക്ഷം രൂപ വിലമതിക്കും. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിംഗ് രജാവത്തിന്റേതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രതിമ ബാഗ്രിയുടെ സഹോദരീഭർത്താവായ ശൈലേന്ദ്ര സിംഗ്, ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു എൻഡിപിഎസ് കേസിൽ ശൈലേന്ദ്ര ബന്ദ ജയിലിലാണ്. ഇയാളെ 5.5 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് സത്നയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
National
ഭോപ്പാല്‍: മധ്യപ്രദേശിൽ മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്പ്പെട്ട് പരിക്കേറ്റ മൂർഖൻ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍.
ഉജ്ജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പാമ്പിന് 80 തുന്നല്‍ ഇട്ടു.
ജെസിബിയുടെ മുന്‍ഭാഗം പാമ്പിന് മേല്‍ പതിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.
ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു.
പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്.
പാമ്പിന് 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
National
മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കിടെ സർക്കാർ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം.
സൈലാന നിയമസഭാ മണ്ഡലത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നായിബ് തഹസിൽദാർ രാംകലേഷ് സാകേത്, ബൂത്ത് ലെവൽ ഓഫീസർ വിക്രം സിംഗ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി രത്ലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
എസ്ഐആറുമായി ബന്ധപ്പെട്ട പരിശോധനാ ജോലികൾക്കായി രത്ലാമിനടുത്തുള്ള ജുൽവാനിയയിൽ എത്തിയപ്പോൾ മദ്യപിച്ച് മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ ജീവനക്കാർക്ക് നേരെ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നു.
റാത്തോഡിന്റെ കൈയ്ക്കും വയറിനും പരിക്കേറ്റു. അക്രമികൾ ഉമർ ഗ്രാമത്തിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേരായ സയ്സിംഗ് (28), ബാപി താഡ് (55) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായ ഷോക്സിംഗ് (31) ഒളിവിലാണ്. മൂവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Sports
ഇൻഡോർ: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 എന്ന നിലയിലാണ് കേരളം.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുകയായിരുന്നു കേരളം. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 81 റണ്‍സെടുത്ത ബാബാ അപരാജിതാണ് കരകയറ്റിയത്. ബാബായും ഏഴ് റൺസെടുത്ത ശ്രീഹരി എസ് നായരുമാണ് ക്രീസിലുള്ളത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് അര്‍ഷദ് ഖാന്, സരണ്‍ഷ് ജെയ്ന്‍ എന്നിവരാണ് കേരളത്തെ തകര്‍ത്തത്.
കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായര്‍, അഭിജിത് പ്രവീണ്‍, ശ്രീഹരി എന്നിവര്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ജെ നായരും രോഹന് കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന് കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്. രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന് കൂട്ടുകെട്ടിന് അവസാനമിട്ടു.
മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിന് ശേഷമെത്തിയ സച്ചിന് ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സരന്‍ശ് ജെയിന് തന്നെയാണ് സച്ചിനെയും പുറത്താക്കിയത്.
അഭിഷേകിനെയും മൊഹമ്മദ് അസറുദ്ദീനെയും അഹ്മദ് ഇമ്രാനെയും മുഹമ്മദ് അര്‍ഷദ് ഖാനും പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അഭിഷേക് 47 റൺസും അസറുദീന്‍ 14ഉം അഹ്മദ് ഇമ്രാന് അഞ്ചും റണ്‍സായിരുന്നു നേടിയത്.
National
ഭോപ്പാൽ: സാമൂഹ്യ പരിഷ്കർത്താവ് രാജാ റാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാർ.
ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് ഏജന്റായി റോയ് പ്രവർത്തിച്ചുവെന്നായിരുന്നു അഗർ മാൽവയിലെ ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവേ ഇന്ദർ സിംഗ് പർമാർ പറഞ്ഞത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും റോയിയെടക്കം നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ ‘അടിമകളാക്കിയിരുന്നു’ എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടർച്ചയെ തകർത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.
അതേസമയം പർമാറിന്റെ പരാമർശത്തോട് കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. പർമാറിന്റെ പ്രസ്താവനയെ നാണക്കേടെന്നാണു കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിളിച്ചത്.
പർമാറിന്റെ ചരിത്രബോധത്തെ ചോദ്യം ചെയ്ത ഭുപേന്ദ്ര ഗുപ്ത, സതി നിർത്തലാക്കൽ ബ്രിട്ടീഷ് ദല്ലാൾ പണിയുടെ ഭാഗമായിരുന്നോ എന്ന് ചോദിച്ചു. ‘ഇത് എന്ത് തരം ദല്ലാൾ പണിയായിരുന്നു?. ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത് പറയുന്നത്– ഗുപ്ത പറഞ്ഞു.
അതേസമയം, ഇതാദ്യമായല്ല ഇന്ദർ സിംഗ് പർമാർ വിവാദ പരാമർശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദൻ എന്നയാളാണെന്നും നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുൻപ് ഇന്ദർ സിംഗ് പറഞ്ഞിരുന്നു.
ആർഎസ്എസുമായി ബന്ധമുള്ളവർ എഴുതിയതടക്കം 88 പുസ്തകങ്ങൾ ഗവൺമെന്റ്/ സ്വകാര്യ കോളജ് ലൈബ്രറികൾ ഉൾപ്പെടുത്തണമെന്ന് മുൻപ് ഇന്ദർ സിംഗ് പർമാറിന്റെ വകുപ്പ് നിർദേശം നൽകിയതും വിവാദമായിരുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ മധ്യപ്രദേശിനെ നേരിടും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. കേരളമാകട്ടെ അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്തും.
ശുഭം ശര്‍മ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹര്‍പ്രീത് സിംഗ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്. മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പരിക്കിനെതുടര്‍ന്ന് എ.കെ. ആകര്‍ഷിനെയും എന്‍.പി. ബേസിലിനെയും ടീമില്‍നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ. നായര്‍, അഭിജിത് പ്രവീണ്‍, വൈശാഖ് ചന്ദ്രന്, ശ്രീഹരി എസ്. നായര്‍, വി. അജിത് എന്നിവരെ ഉള്‍പ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
National
ചിന്ത്വാര (മധ്യപ്രദേശ്): മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമമരുന്ന് കഴിച്ച അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരണത്തിനു കീഴടങ്ങി.
നേരത്തേ അലോപ്പതി മരുന്നായ കോൾഡ്റിഫായിരുന്നു കുട്ടികളുടെ ജീവനെടുത്തതെങ്കിൽ ഇത്തവണ ആയുർവേദ കഫ് സിറപ്പും ചൂർണവുമാണ് റൂഹി മിനോട്ട് എന്ന കുട്ടിയുടെ മരണത്തിനു കാരണമായത്. ആയുർവേദ ചുമമരുന്നിനൊപ്പം ചൂർണവും കുട്ടിക്കു നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോൾഡ്റിഫ് കഴിച്ച 24 കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ഇതിൽ 21 ഉം ചിന്ത്വാരയിലായിരുന്നു. സിറപ്പിൽ 48.6 ശതമാനം വരുന്ന കൊടുംവിഷമായ ഡൈത്തലിൻ ഗ്ലൈക്കോളാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായിരുന്നു. റൂഹി മിനോട്ടിന്റെ മരണത്തോടെ ചുമമരുന്നു കഴിച്ച് സംസ്ഥാനത്ത് മരണമടഞ്ഞ കുട്ടികളുടെ എണ്ണം 25 ആയി.
ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് നാലുദിവസം മുന്‍പാണ് മാതാപിതാക്കൾ കുട്ടിക്ക് മരുന്ന് നൽകിയത്. വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയും ചെയ്തു.
കുട്ടിയുടെ മരണത്തെത്തുടർന്ന് മരുന്നുകട അടച്ചുപൂട്ടി. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് മരുന്നുകൾ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ കുളത്തിൽ നിന്ന് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഛത്തർപൂർ ജില്ലയിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. വാർഡ് നമ്പർ 15-ൽ നിന്നുള്ള 400 മുതൽ 500 വരെയുള്ള ആളുകളുടെ യഥാർഥ വോട്ടർ ഐഡി കാർഡുകളാണ് ബാഗിൽ ഉണ്ടായിരുന്നത്. വിതരണം ചെയ്യാത്ത കാർഡുകളാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇത്രയേറെ വോട്ടേഴ്സ് ഐഡി കാർഡുകൾ എങ്ങനെ കുളത്തിൽ എത്തിയെന്നതിൽ ദുരൂഹയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണകക്ഷികൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്.
രാഹുൽ ഗാന്ധിയുടെ "വോട്ട് ചോർ ഗദ്ദി ഛോഡ്' എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതാണിതെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പ്രതികരിച്ചു. യഥാർഥ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ കുളത്തിൽ എത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗഗൻ യാദവ് പറഞ്ഞു.
വ്യാജ വോട്ടുകൾ ചെയ്ത ശേഷം തെളിവ് നശിപ്പിക്കാൻ തിരിച്ചറിയൽ കാർഡുകൾ കുളത്തിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി സമാജാവാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് യാദവ് ആരോപിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കുട്ടികൾക്ക് മരുന്ന് നിർദേശിച്ച പ്രവീൺ സോണി ആണ് അറസ്റ്റിലായത്.
കോൾഡ്രിഫ് ചുമമരുന്നാണ് ഡോക്ടർ നിർദേശിച്ചത്. ഈ മരുന്ന് കഴിച്ച 14 കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് പരേഷ്യയിലെ ശിശുരോഗവിദഗ്ദ്ധനായ ഡോക്ടറെയും പോലീസ് അറസ്റ്റ് ചെയ്തത്.
കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തു. നേരത്തെ, കോൾഡ്രിഫിന്റെ വിൽപന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രൈസ്തവർക്കുനേരേ ക്രൂരമായ ആക്രമണം. ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ ആക്രമിച്ച 150ഓളം വരുന്ന സംഘം ഇവരെ വിവസ്ത്രരാക്കി വഴിയിലൂടെ നടത്തിക്കുകയും സ്ഥലത്തെ ക്ഷേത്രത്തിലെത്തിച്ചു വിഗ്രഹത്തിനുമുന്നിൽ തൊഴാൻ ആവശ്യപ്പെടുകയും ചെയ്തു. പൊതുറോഡിലൂടെ നടത്തിക്കുന്നതിനിടെ അക്രമിസംഘം ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വീഡിയോ ഇന്നലെ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണു കഴിഞ്ഞ 22ന് രാത്രിയിൽ നടന്ന സംഭവം പുറംലോകമറിയുന്നത്.
തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശത്തെ പാസ്റ്ററായ ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെ ആക്രമിച്ച അക്രമിസംഘം വിവസ്തരാക്കുകയും അധിക്ഷേപിക്കുകയും തുടർന്ന് കവർച്ചക്കാരെപ്പോലെ പൊതുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിനുമുന്നിൽ തൊഴാൻ നിർബന്ധിച്ചു. ദളിതരെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തന്നെയൊഴികെ മറ്റു മൂന്നുപേരെ അക്രമിസംഘം പിന്നീട് പോലീസിലേൽപ്പിച്ചു.
എന്നാൽ ഇവരിലൊരാൾ അക്രമിസംഘത്തിലെ ചിലരുടെ അടുത്തയാളാണെന്നു തിരിച്ചറിഞ്ഞതോടെ മോചിപ്പിച്ചു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ലാകളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെല്ലാം ക്രൈസ്തവരാണെന്നും പ്രാർഥനയ്ക്കായി ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസുകാർ നടപടിയൊന്നുമെടുക്കാതെ അക്രമിസംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
മധ്യപ്രദേശിൽ ക്രൈസ്തവർക്കു നേ രേയുള്ള ആക്രമണം തുടർക്കഥയാകുകയാണെന്നും ഇതിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് നെപ ഗ്രാമത്തിലേതെന്നും ഭോപ്പാലിലെ ക്രൈസ്തവസംഘടനാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.